പാലക്കാട് :സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിക്ക് പരിക്ക്. പാലക്കാട് ജില്ലയിൽ നടന്ന സൈക്ലിംഗ് മത്സരത്തിനിടയായിരുന്നു സംഭവം. സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്ത ഒരു വിദ്യാർഥിയുടെ സൈക്കിളും റോഡിലൂടെ വന്ന മറ്റൊരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. പാലക്കാട് – മലമ്പുഴ 100 ഫീറ്റ് റോഡിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ, നടക്കേണ്ടിയിരുന്ന മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ ഉണ്ടായ വലിയ പിഴവാണ് അപകടത്തിനിടയാക്കിയതെന്നാണ് വിമർശനം ഉയരുന്നത്.
സൈക്ലിംഗ് മത്സരത്തിനായി നിശ്ചയിച്ചിരുന്ന സമയം രാവിലെ 6 മുതൽ 9.30 ആയിരുന്നു എന്നാൽ മത്സരം ആരംഭിച്ചതാവട്ടെ 8.30ഓടെ ആയിരുന്നു. മാത്രമല്ല മത്സരം നടക്കുന്നുണ്ടെന്ന വിവരം പോലീസിനെയും അറിയിച്ചിരുന്നില്ല. മുൻകരുതൽ നടപടികൾ ഒന്നും സ്വീകരിക്കാതെയാണ് സംസ്ഥാന സ്കൂൾ ഗെയിംസ് സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 60 വിദ്യാർഥികളാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ പാലക്കാട് എത്തിയിരുന്നത്. അപകട വിവരം അറിഞ്ഞതോടെ മത്സരം നിർത്തിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ വൻ പിഴവ്…സൈക്ലിംഗ് മത്സരത്തിനിടെ അപകടം
