നെടുങ്കണ്ടം : പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് അഴിമതികള്‍ക്ക് നേതൃത്വം നല്‍കുന്നതായി ആരോപിച്ച് പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഷിഹാബ് പാലിയേറ്റീവ് കെയര്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിച്ച് കഴിഞ്ഞ ദിവസം ദമ്പതികള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയം വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷം അവതരിപ്പിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ കമ്മറ്റി ബഹിഷ്‌കരിച്ചിരുന്നു.
സമര പരിപാടികളുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ് ഇന്നലെ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. പഞ്ചായത്തില്‍ വ്യാപകമായി അഴിമതിയാണ് നടക്കുന്നതെന്നും, എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷമുള്ള മുഴുവന്‍ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണാ സമരത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ആരിഫാ അയ്യൂബ്, സുന്ദരപാണ്ഡ്യന്‍, റൂബി ജോസഫ്, ഉഷാമണി രാജന്‍, മിനി കുറ്റാനി, തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എസ് യശോധരന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ യോഗം മുന്‍ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.