ശ്രീനഗർ : ലഡാക്ക് സംഘർഷത്തിൽ പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്. പ്രാരംഭ ചർച്ചയാണെന്നും തുടർ ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
ലഡാക്കിനു സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെങ്കിലും ഇക്കാര്യത്തിൽ ഉടനടിയൊരു തീരുമാനം കേന്ദ്രം കൈക്കൊള്ളില്ല. സംവരണ പരിധി ഉയർത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.
അതിനിടെ സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിനു വിലക്കുണ്ട്. ഇന്റർനെറ്റ് വിലക്ക് തുടരും. കൂടുതൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർ ശബ്ദങ്ങളെ രാജ്യ വിരുദ്ധതായി സർക്കാർ മുദ്ര കുത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു. സർക്കാരിനു ഭയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ദേശസുരക്ഷാ നിയമപ്രകാരമാണ് വാങ്ചുകിനെ കഴിഞ്ഞ ദിവസം ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്ക് സംഘര്‍ഷത്തിന് കാരണം സോനം വാങ്ചുക് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാലു പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരും പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.
