തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വൻതോതിൽ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

വാജ്യ വിലാസങ്ങളിൽ വൻതോതിൽ വോട്ടർമാർ, ഒരേവിലാസത്തിൽ നിരവധി വോട്ടർമാർ. ഒരാൾക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെ ആരോപണ ങ്ങൾക്ക് ആധാരമായി വോട്ടർപട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുൽ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

സർവത്ര ക്രമക്കേടാണെന്നും, ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചതായും രാഹുൽ പറഞ്ഞു. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്‌ടിക്കുകയാണ്. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു.

മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. ഇതിനായി കമ്മിഷൻ നയം മാറ്റി. കർണാടകയിലും ക്രമക്കേട് നടന്നതായി രാഹുൽ പറഞ്ഞു.

വ്യാജ വിലാസങ്ങളിൽ ഇല്ലാത്ത വോട്ടർമാരെ മിക്കയിടങ്ങളിലും തിരുകി കയറ്റി എന്നദ്ദേഹം ആരോപിച്ചു
വോട്ടർമാരിൽ ചിലരുടെ പിതാവിൻ്റെ പേരിൻ്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണുള്ളത്. ഏഴുപതും എൺപതും വയസ്സുള്ളവർ കന്നിവോട്ടർമാരായി. വീട്ടുനമ്പർ രേഖപ്പെടുത്തേണ്ടിടത്ത് ചേർത്തിരിക്കുന്നത് പൂജ്യം എന്നാണ്.

ഒരു ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരുണ്ടാക്കിയത് ഈ തട്ടിപ്പിലൂടെ നേടിയ സീറ്റുകൾ ഉപയോഗിച്ചാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്‌ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!