തൃശൂര്‍ : സിനിമാ കോണ്‍ക്ലേവിലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു. കെഎസ്എഫ്ഡിസി ഫണ്ട് നല്‍കുന്നത് വെറുതെ ആരെയെങ്കിലും ഒക്കെ തിരഞ്ഞു പിടിച്ചു നേരെ അങ്ങ് കൊടുക്കുന്നതല്ല . അതിനു കൃത്യമായ ഒരു തിരഞ്ഞെടുപ്പ് രീതിയും വിദഗ്ധ സമിതിയും ഒക്കെ ഉണ്ട്. തിരക്കഥ മലയാള സിനിമയിലെ പ്രശസ്തരായ ആളുകള്‍ അടങ്ങിയ ഒരു അഞ്ചംഗ സമിതി പരിശോധിക്കുകയും അതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ആളുകളെ ജൂറി രണ്ടു ഘട്ടങ്ങളിലായി ഇന്റര്‍വ്യൂ ചെയ്തശേഷമാണ്, പട്ടികജാതി, വനിതാ വിഭാഗങ്ങളില്‍ നിന്നും രണ്ടു പേരെ വീതം സിനിമ ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നതെന്ന് ഡോ, ബിജു ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ കഴിഞ്ഞ അമ്പതു വര്‍ഷമായി സിനിമാ നിര്‍മാണത്തിന് ഫണ്ട് നല്‍കുന്നുണ്ട് . അടൂര്‍ ഗോപാലകൃഷ്ണനും എന്‍ എഫ് ഡി സി യുടെ ഫിലിം ഫണ്ടില്‍ സിനിമകള്‍ ചെയ്തിട്ടുണ്ട് . എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിനായി തുക നല്‍കുമ്പോള്‍ അത് കിട്ടുന്ന ആളുകള്‍ക്ക് തീവ്രമായ പരിശീലനം നല്‍കിയ ശേഷമേ സിനിമ നിര്‍മിക്കാവൂ എന്ന അഭിപ്രായം കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുന്നോട്ടു വെക്കാതിരുന്നത് എന്തുകൊണ്ടാണ് . അതോ എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിന് തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് പരിശീലനം ആവശ്യമില്ല കേരള സര്‍ക്കാരിന് കീഴിലുള്ള കെ എസ് എഫ് ഡി സി സിനിമാ നിര്‍മാണത്തിന് തുക നല്‍കിയാല്‍ മാത്രമേ പരിശീലനം ആവശ്യമുള്ളൂ എന്നാണോയെന്നും ഡോ. ബിജു ചോദിച്ചു.
അടൂരിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പി ബാലചന്ദ്രന്‍ എംഎല്‍എയും രംഗത്തെത്തി. ദലിതരേയും സ്ത്രീകളേയും അവരുടെ സഹായധനത്തേയും നിഷേധിച്ചത് അനുഗ്രഹ മനസ്സുകൊണ്ടല്ലെന്ന് സാമാന്യ ബുദ്ധിയുള്ള മലയാളിക്ക് അറിയാം. ആദരണീയനായ അങ്ങെന്തുകൊണ്ട് അമ്മയില്‍ നടന്ന വിവാദങ്ങളില്‍ ഒരക്ഷരം ഉരിയാടിയില്ല. മലയാളത്തിലെ കുപ്രസിദ്ധമായ പെണ്‍വേട്ടക്കെതിരെ അങ്ങെന്തു കൊണ്ട് രംഗത്ത് വന്നില്ല. മലയാളത്തിന്റെ അഭിമാന സംവിധായകനാണ് നിങ്ങള്‍ പക്ഷേ കാലത്തിന്റെയും ചരിത്രത്തിന്റേയും ചുമരെഴുത്തുകള്‍ വായിക്കാന്‍ അങ്ങ് മറന്നു പോയി എന്നും പി ബാലചന്ദ്രന്‍ സമൂഹമാധ്യമക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
