വിപഞ്ചികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും…അമ്മ ഷാര്‍ജയില്‍…

ഷാർജ/കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറും.വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്,ഭര്‍തൃ പിതാവ്, സഹോദരി എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് ഇന്നലെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

അതിനിടെ വിപഞ്ചികയുടെ കുടുംബം ഇന്ന് ഷാര്‍ജയിലെത്തി. അമ്മ ശൈലജ ഷാര്‍ജ കോടതിയെ സമീപിക്കുന്നതിനൊപ്പം ഷാര്‍ജ പൊലീസിലും പരാതി നല്‍കും. ഷാര്‍ജയിലാണ് യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു പരാതി നേരിട്ട് നല്‍കാനാണ് ശൈലജയുടെ തീരുമാനം. ഇരുവരുടെയും മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. ഷാര്‍ജ ഇന്ത്യന്‍ ഭാരവാഹി അസോസിയേഷനുമായും ശൈലജ കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒന്നര വയസുകാരി വൈഭവിയെ കൊലപ്പെടുത്തി അതേ കയറില്‍ തന്നെ വിപഞ്ചികയും തൂങ്ങി മരിച്ചത്. വിവാഹമോചനത്തിനുള്ള നോട്ടിസ് നിതീഷില്‍ നിന്ന് കൈപ്പറ്റിയതിന് പിന്നാലെയായിരുന്നു മരണം. അനുഭവിച്ച ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരമാണ് വിപഞ്ചികയുടെ കുറിപ്പിലൂടെ പുറത്തുവന്നത്.സ്ത്രീധനം കുറഞ്ഞുപോയെന്നും വിവാഹം ആഡംബരമായി നടത്തിയില്ലെന്നും പറഞ്ഞ് ഉപദ്രവിച്ചിരുന്നുവെന്നും മകള്‍ ജനിച്ചതോടെ വിവാഹമോചനം ആവശ്യപ്പെടാന്‍ തുടങ്ങിയെന്നും കുറിപ്പുകളില്‍ പറയുന്നു.ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!