തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായി നടപ്പാക്കിയ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ വന്‍ പദ്ധതികളുമായി തമിഴ്‌നാട്. വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കായി ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍ പ്രതിസന്ധി നിലനില്‍ക്കെയാണ് സാഹചര്യം മുതലാക്കാന്‍ തമിഴ്‌നാട് രംഗത്തെത്തുന്നത്.
വിഴിഞ്ഞം തുറമുഖം ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ തിരുന്നല്‍വേലി ജില്ലയില്‍ നാല് പുതിയ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. തമിഴ്‌നാട് വ്യവസായ വകുപ്പിന് കീഴില്‍ നങ്കുനേരിയിലെ രണ്ട് പാര്‍ക്കുകള്‍ക്കായി 2,260 ഏക്കറിലധികം ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍ക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിഴിഞ്ഞ തുറമുഖത്ത് നിന്നും ഏറ്റവും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദൂരത്തിലാണ് നിര്‍ദ്ധിഷ്ട പാര്‍ക്ക് പദ്ധതിയിടുന്നത്. മൂലങ്കരപട്ടി എന്ന സ്ഥലത്താണ് മൂന്നാമത്തെ വ്യവസായ പാര്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. തമിഴ്‌നാട് വ്യവസായ വകുപ്പിന് കീഴില്‍ ഗംഗൈകൊണ്ടനില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പാര്‍ക്കിന്റെ രണ്ടാംഘട്ടം ആരംഭിക്കാനും പദ്ധതിയുണ്ട്.
അതേസമയം, തെക്കന്‍ തമിനാടിന്റെ വികസനത്തില്‍ വിഴിഞ്ഞത്ത് നിന്നുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് ഗതാഗതത്തിന്റെ ഗുണം ഉള്‍പ്പെടെ അവകാശപ്പെടുന്ന പ്രചാരണങ്ങളും തമിഴ്‌നാട്ടില്‍ ശക്തമാണ്. സോഷ്യല്‍ മീഡിയിയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടമായി ഈ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഴിഞ്ഞം തുറമുഖത്തിന് സമാന്തരമായി കുളച്ചല്‍, എനയം മേഖലകളില്‍ തുറമുഖം നിര്‍മിക്കാന്‍ തമിഴ്‌നാട് ശ്രമം നടത്തിയിരുന്നു. ഈ നീക്കത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് വിഴിഞ്ഞത്തിന്റെ ഗുണം പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ വികസന പദ്ധതികള്‍ രൂപീകരിക്കാന്‍ തമിഴ്‌നാട് നീക്കം ആരംഭിച്ചത്.
വിഴിഞ്ഞത്തിന്റെ ഗുണം സ്വന്തമാക്കാന്‍ തമഴ്‌നാട് ശ്രമം സജീവമാക്കുമ്പോള്‍ അനുബന്ധ വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം ഇപ്പോഴും പിന്നിലാണ്. ഇതുവരെ 100 ഏക്കര്‍ ഭൂമി മാത്രമാണ് ഇതിനായി കേരളത്തിന് കണ്ടെത്താനായത്. കിന്‍ഫ്രയ്ക്ക് കീഴിലുള്ള ഈ സ്ഥലത്തിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
ഉടമകള്‍ക്ക് ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്ത് 99 വര്‍ഷത്തേക്ക് പാട്ടമായും തമിഴ്‌നാട് ഭൂമി കണ്ടെത്തുന്നുണ്ട്. ഇത്തരത്തില്‍ സൗകര്യം ഒരുക്കി നിക്ഷേപകരെ ആകര്‍ഷിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. തമിഴ്‌നാടിന്റെ പദ്ധതികള്‍ തിരുവനന്തപുരത്തിന്റെ വ്യവസായ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മെല്ലപ്പോക്ക് തുടര്‍ന്നാല്‍ വിഴിഞ്ഞത്തിന്റെ ഗുണങ്ങള്‍ കേരളത്തിന് നഷ്ടമായേക്കും എന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് വിഴിഞ്ഞം വ്യവസായ ഇടനാഴി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തുറമുഖത്തിന്റെ ഗുണം പരമാവധി കേരളത്തിന് ലഭിക്കുന്ന നിലയില്‍ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
