എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാർ, എനിക്ക് ഭയമില്ല; ഡോ. ഹാരിസ് ചിറക്കൽ പറയുന്നു…

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കു റിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഈ ജോലി പോയാൽ വേറൊരു ജോലി തനിക്ക് കിട്ടും. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നും എല്ലാ ചുമതലകളും അടുത്തയാൾക്ക് കൈമാറിക്കഴിഞ്ഞെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി. ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലും ഡോക്ടര്‍ ഹാരിസിനെ തള്ളാതെയുള്ള റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചത്. ‘സിസ്റ്റത്തിന് പ്രശ്‌നം ഉണ്ട്’ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും.

വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം തന്നെ ഇതിന് മുമ്പ് ഉപകരണങ്ങളുടെ കുറവ് മൂലം ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

ഡോ. ഹാരിസിൻ്റേത് സര്‍വ്വീസ് ചട്ടലംഘനമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഹാരിസ് മാധ്യമങ്ങളോട് സംസാരിച്ചത് തെറ്റാണെന്ന് ചൂണ്ടികാട്ടിയെങ്കിലും ഫേസ്ബുക്ക് കുറിപ്പിനെക്കുറിച്ച് പരാമര്‍ശം ഇല്ല. ഫേസ്ബുക്ക് പോസ്റ്റ് തങ്ങളുടെ അന്വേഷണ പരിധിയില്‍ ഇല്ലെന്നാണ് സമിതി വൃത്തങ്ങള്‍ അറിയിച്ചത്. സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധിക്കേണ്ടെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!