മുംബൈ: ഇന്ത്യൻ പേസറും ആർസിബി താരവുമായ യാഷ് ദയാലിനേതിരെ പീഡന പരാതിയുമായി യുവതി. താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി ഉത്തർപ്രദേശ് സ്വദേശിയായ യുവതി പരാതി നൽകി. ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെ സമീപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.
യാഷുമായി 5 വർഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ യാഷ് പണം തട്ടിയെന്നും താരം ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ചാറ്റ് സ്ക്രീൻ ഷോട്ടുകൾ, വിഡോയ കോൾ രേഖകൾ അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും യുവതി ആവകാശപ്പെടുന്നു.
യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ താരം ഭർത്താവിനെ പോലെ പെരുമാറി വിശ്വാസം നേടിയെടുത്തു. പിന്നീട് കബളിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞു. പ്രതികരിച്ചപ്പോൾ യാഷ് തന്നെ മർദ്ദിച്ച് അവശയാക്കി. ഇത്തരത്തിൽ പ്രണയം നടിച്ച് താരം നിരവധി പെൺകുട്ടികളെ കബളിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു.
പീഡന പരാതിയുമായി യുവതി വനിതാ ഹെൽപ് ലൈനിനെ നേരത്തെ സമീപിച്ചതായി വിവരമുണ്ട്.
ഇത്തവണ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഐപിഎല്ലിൽ കളിച്ച താരമാണ് യാഷ് ദയാൽ. 15 മത്സരങ്ങൾ കളിച്ച താരം 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ യാഷ് അംഗമായിരുന്നു. എന്നാൽ പ്ലെയിങ് ഇലവനിൽ കളിക്കാൻ അവസരം കിട്ടിയില്ല.
