വാഷിങ്ടൺ : അപ്രതീക്ഷിതമായി ഇറാനെ ആക്രമിച്ച് അമേരിക്ക. ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക നടത്തിയ നീക്കം ലോകത്ത് കൂടുതൽ ആശങ്കകൾ ആണ് ഉയർത്തുന്നത്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് പത്രസമ്മേളനത്തിൽ കൂടി വ്യക്തമാക്കിയിരിക്കുന്നത്. സംഘർഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട് യുദ്ധത്തിലിടപെടുന്നത്. നേരത്തെ ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ച സമയം വെച്ചിരുന്നതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.
ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രി ഇറാൻ ആക്രമിച്ചതാണ് അമേരിക്കയുടെ പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ഇറാനിലെ അതീവ സുരക്ഷയുള്ള ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു.
ഇറാനില്‍ അമേരിക്കയുടെ സര്‍ജിക്കല്‍ സട്രൈക്കാണ് ഇത്. ആണവ കേന്ദ്രങ്ങള്‍ നേരത്തെ ഇസ്രയേലും ആക്രമിച്ചിരുന്നു. ഇതിനെ യുഎന്‍ അപലപിച്ചിരുന്നു. ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടെയാണ് അമേരിക്കയും ബോംബ് ആക്രമണം നടത്തുന്നത്. ലോകം കൂടുതല്‍ സമാധാനമുള്ള സ്ഥലമായി മാറിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. അമേരിക്കയ്ക്ക് നന്ദിയും അറിയിച്ചു.
ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്.
അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അമേരിക്കയുടെ ഇറാൻ ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബര്‍ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.
