മള്‍ട്ടിപ്ലക്‌സുകളില്‍ തോന്നുംപോലെ; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം വേണം, സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: സംസ്ഥാനത്തെ സിനിമ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിനിമ തിയറ്ററുകളില്‍, പ്രത്യേകിച്ച് മള്‍ട്ടിപ്ലക്‌സുകളില്‍(multiplex theatre) തോന്നിയ നിരക്കിലാണ് ടിക്കറ്റ് വില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന് നിയന്ത്രണം കൊണ്ടുവരാന്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ ജി മനു നായര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നോട്ടീസ് അയച്ചത്. കേസ് ജൂലൈ ഒന്നിന് പരിഗണിക്കും.

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനു മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. രാജ്യത്തെ പ്രമുഖ തിയറ്റര്‍ ശൃംഖലകളായ പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍ സിനിമ, ഐനോക്‌സ് തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. 1958ലെ കേരള സിനിമാസ് (നിയന്ത്രണ) നിയമത്തിന്റെ  അടിസ്ഥാനത്തില്‍ അധികൃതരുടെ മേല്‍നോട്ടമോ പൊതുവായ അനുമതിയോ ഇല്ലാതെയാണ് തിയറ്ററുകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു.

Advertisementഅയല്‍ സംസ്ഥാനങ്ങളില്‍ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. സിനിമ ജനങ്ങള്‍ക്കുള്ള ഒരു സാംസ്‌കാരിക പ്രവൃത്തിയായി ഈ സര്‍ക്കാരുകള്‍ കണക്കാക്കുന്നതു കൊണ്ടാണ് ഇത്. എന്നാല്‍ കേരളത്തില്‍ ഇത് സംഭവിക്കുന്നില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സംവിധാനം ഒരുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!