ഷില്ലോങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി (Raja Raghuvanshi) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെ, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന കണ്ടെത്തലുമായി പൊലീസ്. ഇതാകാം ഭര്‍ത്താവിനെ കൊല്ലാന്‍ വാടക കൊലയാളികളെ നിയോഗിക്കാന്‍ സോനം രഘുവംശിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
29 കാരനായ രാജ രഘുവംശിയെയും (24) ഭാര്യ സോനത്തെയും (23) മെയ് 23ന് ആണ് കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം, രാജയുടെ മൃതദേഹം ഒരു മലയിടുക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോനം രഘുവംശിയെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലെ കൂട്ടുപ്രതികളായ, മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്.
രാജയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സോനത്തിന്റെ വിവാഹേതര ബന്ധമാകാമെന്നാണ് മേഘാലയ പോലീസ് വിശ്വസിക്കുന്നത്. കാമുകന്‍ രാജ് കുഷ്വാഹയുമായി ഗൂഢാലോചന നടത്തിയാണ് അവര്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. രാജ് കുഷ്വാഹയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ‘രാജ സോനത്തിന്റെ ജോലിക്കാരനായിരുന്നു, അവര്‍ ഫോണില്‍ ധാരാളം സംസാരിക്കുമായിരുന്നു. ഞാന്‍ രാജ് കുശ്വാഹയെ ഒരിക്കലും കണ്ടിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്റെ പേര് കേട്ടിട്ടേയുള്ളൂ,’- രാജ രഘുവംശിയുടെ സഹോദരന്‍ വിപുല്‍ രഘുവംശി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തില്‍ രാജയുടെ കുടുംബം സോനത്തെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും രാജ് കുശ്വാഹ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടാകാമെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാനാണ് ദമ്പതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യാത്രാപ്ലാനില്‍ പെട്ടെന്ന് മാറ്റം വരുത്തി തൊട്ടടുത്തുള്ള സംസ്ഥാനമായ മേഘാലയയിലേക്ക് പോയതില്‍ രാജയുടെ കുടുംബം സംശയം ഉന്നയിച്ചു. ‘ഇരുവരില്‍ ആരാണ് മേഘാലയ സന്ദര്‍ശനം ആസൂത്രണം ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവര്‍ മടക്ക ടിക്കറ്റുകളൊന്നും ബുക്ക് ചെയ്തിട്ടില്ല,’- വിപുല്‍ രഘുവംശി കൂട്ടിച്ചേര്‍ത്തു.
‘സോനത്തെ ജീവനോടെ കണ്ടെത്തിയത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. രാജയെ കൊന്ന മറ്റുള്ളവര്‍ ആരായിരുന്നു?’- രാജയുടെ മറ്റൊരു സഹോദരന്‍ സച്ചിന്‍ ചോദിച്ചു. സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ് പറഞ്ഞു. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു സോനം. വാരണാസി – ഗാസിപൂര്‍ മെയിന്‍ റോഡിലെ കാശി ധാബയിലാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. സദര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഗാസിപൂരിലെ വണ്‍സ്റ്റോപ് സെന്ററിലേക്ക് മാറ്റിയതായി യുപി എഡിജിപി അമിതാഭ് യാഷ് അറിയിച്ചു.
മേയ് 11നായിരുന്നു രാജ രഘുവംശിയുടേയും സോനത്തിന്റേയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മേഘാലയ പൊലീസ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
