‘മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ അവകാശമില്ല; അധികാര ദുര്‍വിനിയോഗം’: ട്രംപിനെതിരെ യുഎസ് കോടതി

വാഷിങ്ടണ്‍ : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ ( Donald Trump) നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞു.

വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന, യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 10 ദിവസത്തിനുള്ളില്‍ നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ മറ്റു രാജ്യങ്ങള്‍ക്ക് മേൽ നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡന്റിന് ഇല്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും കോടതി വിമർശിച്ചു. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം പ്രസിഡന്റ് ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.

ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ട്രംപിനെതിരായ വിധി പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റിന് ദേശീയപ്രാധാന്യമുള്ള സാമ്പത്തിക പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായി നടപടിയെടുക്കാന്‍ അനുവദിക്കുന്ന 1977-ലെ ഇന്റര്‍നാഷണല്‍ എക്കണോമിക് പവേര്‍സ് ആക്ട് ( ഐഇഇപിഎ) പ്രകാരമാണ് ട്രംപ് രാജ്യങ്ങള്‍ക്ക് നികുതി ചുമത്തിയത്. യുഎസിന് വ്യാപാര കമ്മിയുണ്ടാകുന്നത് ദേശീയ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു ട്രംപിന്റെ നടപടി. എന്നാല്‍, അങ്ങനെയൊരു അടിയന്തര പ്രാധാന്യം ഈ വിഷയത്തിലില്ലെന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സാമ്പത്തികമായി അനിവാര്യമായ തീരുമാനമായിരുന്നു അതെന്നും, അത് തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ട്രംപിന്റെ നികുതി ചുമത്തൽ അന്താരാഷ്ട്ര പ്രശ്‌നമായി മാറിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് ലോകത്ത് വ്യാപാര അനിശ്ചിതത്വം നിറച്ച ട്രംപിന്റെ നികുതി പ്രഖ്യാപനം വന്നത്. യുഎസുമായി വ്യാപാരമുള്ള രാജ്യങ്ങള്‍ക്കെല്ലാം ട്രംപ് നികുതി ചുമത്തി. ഇതിനെതിരെ ചൈന പകരച്ചുങ്കം ഏര്‍പ്പെടുത്തി ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!