കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറുണ്ട്. അതിന് യാതൊരുവിധത്തിലുള്ള കാലതാമസവും ഉണ്ടാകില്ല. ഇന്നു ഞായറാഴ്ചയായതിന്റെ പ്രശ്‌നം മാത്രമേയുള്ളൂ. സാധാരണ ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാറില്ലല്ലോയെന്ന് വിഡി സതീശന്‍ പറഞ്ഞു.
എന്തായാലും സ്ഥാനാര്‍ത്ഥി വൈകില്ല. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് ഒരു പ്രൊസീജിയര്‍ ഉണ്ട്. എല്ലാ നേതാക്കളുമായും ബന്ധപ്പെടണം. താനും കെപിസിസി പ്രസിഡന്റും നേതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ഒരു ധാരണയായിക്കഴിഞ്ഞാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ഞങ്ങളുടെ ശുപാര്‍ശ അറിയിക്കും. സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
