കൊച്ചി: കേരളത്തിലെ മദ്യ വില്‍പന തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴും സംസ്ഥാനത്ത് ബിയര്‍ ഉപയോഗത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. 2023-25 കാലയളവില്‍, സംസ്ഥാനത്തെ ബിയര്‍ വില്‍പന കുത്തനെ കുറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ വില്‍പനയില്‍ ഏകദേശം പത്ത് ലക്ഷം കെയ്‌സുകളുടെ കുറവ് നേരിട്ടെന്നാണ് കണക്കുകള്‍. ബിയര്‍ ഉപഭോഗത്തില്‍ 8.6 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ കാലത്തും ബിയര്‍ ഉപഭോഗത്തില്‍ വന്ന കുറവ് വിപണിയില്‍ മദ്യത്തോടുള്ള താത്പര്യം വര്‍ധിച്ചതിന്റെ സൂചനയാണ് എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിയര്‍ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരിയും വ്യക്തമാക്കുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കേയ്‌സുകളായിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു.
അതേസമയം, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം ഈ രണ്ട് വര്‍ഷത്തെ കാലയളവില്‍ 9.74 ലക്ഷം കെയ്സുകള്‍ വര്‍ധിച്ച് 229.12 ലക്ഷം കെയ്സായി. കേരളത്തില്‍ ബിയര്‍ വില്‍പന കുറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശീയ തലത്തിലെ കണക്കുകള്‍ ഇതിന് വിരുദ്ധമാണ്. 2024-25 കാലയളവില്‍ ദേശീയതലത്തില്‍ ബിയര്‍ വില്‍പ്പന വര്‍ഷം തോറും 9 ശതമാനം വര്‍ധിച്ചതായി ബ്രൂവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാത്തെ ബിയര്‍ വില്‍പനയില്‍ വന്ന കുറവിന് കാരണം സര്‍ക്കാര്‍ വില്‍പന സംവിധാനങ്ങളില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വില്‍പന ശാലകളിലും ബിയര്‍ ഉത്പന്നങ്ങള്‍ തണുപ്പിക്കാനുള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ കുറവ് ഉള്‍പ്പെടെ വില്‍പനയെ ബാധിച്ചിട്ടുണ്ടെന്ന് ബ്രൂവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ്് പ്രതികരിച്ചു.
