‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാകിസ്താൻ വെടിയുതിർത്താൽ കൂടുതൽ ശക്തമായി ഇന്ത്യ തിരിച്ചടിക്കും’

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ തക്ക മറുപടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ വെടിയുതിര്‍ത്താല്‍ ഇന്ത്യ തിരിച്ച് കൂടുതല്‍ ശക്തമായി വെടിയുതിര്‍ക്കുമെന്നാണ് മേയ് ഏഴാം തീയതി പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സമീപനം. പാകിസ്താന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും അവസാനിപ്പിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തലത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ ഇസ്ലാമാബാദുമായി ന്യൂഡല്‍ഹി നടത്തുകയുള്ളൂ. അവരുമായി വേറെ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാനി ല്ലെന്നും ഉന്നതവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടതാണ് സിന്ധൂനദീജലകരാര്‍. പാകിസ്താന്‍ ഇന്ത്യക്കെതിരേ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം തുടരുന്നിടത്തോളം സിന്ധൂനദീജലക്കാരാറും മരവിക്കപ്പെട്ടുതന്നെയിരിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) തലത്തില്‍ എത്തിച്ചേര്‍ന്ന ധാരണ, പാകിസ്താന്‍ ലംഘിക്കുന്നപക്ഷം തിരിച്ചടി നല്‍കാന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സേനാ കമാന്‍ഡര്‍മാര്‍ക്ക് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി അനുമതി നല്‍കിയിട്ടുണ്ട്. മേയ് 10, 11 തീയതികളിലുണ്ടായ വെടിനിര്‍ത്തല്‍ ധാരണ-വ്യോമപരിധിലംഘനത്തിന് പിന്നാലെ അദ്ദേഹം പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!