മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിന് പിന്നിൽ ലീഗിന്റെ ഇടപെടലെന്ന് ജി സുകുമാരൻ നായർ

പെരുന്ന(ചങ്ങനാശ്ശേരി) : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെയാണ് ഉദ്ദേശിച്ചതെന്നും, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അവർക്ക് അഭിപ്രായം പറയേണ്ട സാഹചര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിനുള്ളതാണെന്നും, ആരെത്തിയാലും അത് അംഗീകരിക്കുകയാണ് ജനാധിപത്യ മര്യാദയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

ഹൈക്കമാൻഡ് ഘടകകക്ഷികളോട് ഔദ്യോഗികമായി അഭിപ്രായം തേടുന്നതിന് മുൻപേ തന്നെ ചില കക്ഷികൾ സമ്മർദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതിന്റെ ഭാഗമായാണ് പിന്നീട് ഹൈക്കമാൻഡ് അവരുടെ അഭിപ്രായം തേടിയതെന്നും പറഞ്ഞു. എന്നാൽ ഘടകകക്ഷികളുടെ സമ്മർദത്തിന് ഹൈക്കമാൻഡ് പൂർണമായി വഴങ്ങിയെന്ന് പറയാനാകില്ലെന്നും, അങ്ങനെ ആയിരുന്നുവെങ്കിൽ തീരുമാനം ഇത്രയും നീണ്ടുപോകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഘടകകക്ഷികളുടെ ഇത്തരം ഇടപെടൽ ജനാധിപത്യ രീതിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു. തുടക്കത്തിൽ തന്നെ ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത് ഭാവിയിൽ ഭരണകാര്യങ്ങളിലേക്കും അമിത ഇടപെടലുകൾക്ക് വഴിവെക്കുമോയെന്ന ചോദ്യത്തിന്, ചിലർ അതുപോലൊരു സ്വാധീനം ലക്ഷ്യമിടുന്നുണ്ടെന്ന സൂചനയും സുകുമാരൻ നായർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!