‘പാക് അധീന കശ്മീർ തിരികെ കിട്ടണം, മറ്റൊരു ചർച്ചയും ഇല്ല’- ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ സന്നദ്ധത തള്ളി ഇന്ത്യ. ആരുടെ മധ്യസ്ഥതയും കശ്മീർ വിഷയത്തിൽ ആവശ്യമില്ല, ചർച്ച പാക് അധീന കശ്മീർ വിട്ടു കിട്ടുന്നത് സംബന്ധിച്ചു മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി.

കശ്മീരിനെക്കുറിച്ച് ഇന്ത്യക്ക് വ്യക്തമായ നിലപാടുണ്ട്. പാക് അധീന കശ്മീർ തിരികെ ലഭിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനില്ല. തീവ്രവാദികളെ കൈമാറുന്നതാണ് മറ്റൊരു വിഷയം. മറ്റൊരു വിഷയത്തെക്കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ല. മൂന്നാമതൊരു കക്ഷിയുടെ ആവശ്യം അക്കാര്യത്തിൽ ഇല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയെ പാകിസ്ഥാൻ സ്വാഗതം ചെയ്തിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപിനു നന്ദി അറിയിച്ചു.

കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതില്‍ മധ്യസ്ഥത വഹിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതിന് ട്രംപ് സന്നദ്ധത അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!