ഞാൻ ആരെയാണ് ഒറ്റിയതെന്ന് സാന്ദ്ര വ്യക്തമാക്കണം, വാ തുറന്നാൽ എന്തും പറയാമോ? ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: താനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയിലെ കണക്കുകള്‍ പുറത്തുവിടുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണോ എന്ന് അദ്ദേഹം ചോദിച്ചു. സാന്ദ്രാ തോമസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സോഷ്യല്‍ മീഡിയാ പേജിലൂടെയാണോ കണക്കുകള്‍ പുറത്തുവിടുന്നതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന ഒറ്റവ്യക്തി മാത്രമേയുള്ളോ എന്നും അദ്ദേഹം ചോദിച്ചു.

21 പേരടങ്ങുന്ന കമ്മിറ്റിയാണ് അത്. അവിടെ എല്ലാവരും ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കാറുള്ളത്. തന്റെ സിനിമയുടെ കണക്കുകള്‍ സഹിതമാണ് പുറത്തേക്ക് വിടുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നയാളുടെ വ്യക്തിപരമായ താത്പര്യത്തിന് സംഘടനയില്‍ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വന്നയാളാണ് താനെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ജൂണില്‍ ഇപ്പോഴത്തെ അംഗങ്ങളുടം കാലാവധി കഴിയും. താത്പര്യമുള്ളവര്‍ക്ക് മത്സരിക്കാം, ജയിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. താന്‍ മലയാള സിനിമയെ ഒറ്റിക്കൊടുത്തെന്ന് പറഞ്ഞാല്‍ അതിന്റേതായ കാര്യങ്ങള്‍ നോക്കും. പറയുന്ന കാര്യത്തിന് ഒരു വ്യക്തത വേണ്ടേ വാ തുറന്നാല്‍ എന്തും പറയാനുള്ള ലൈസന്‍സ് ഒരാള്‍ക്കുണ്ടോ? താന്‍ ആരെയാണ് ഒറ്റിയത്? അയാളിപ്പോള്‍ ജയിലിലാണോ? നമുക്കൊന്നും പറയാന്‍പോലും പറ്റാത്ത അവസ്ഥയാണ്.

സംഘടനയ്ക്കകത്ത് ഒരു പ്രശ്‌നം വന്നപ്പോള്‍ താന്‍ സാന്ദ്രാ തോമസിനെ പിന്തുണച്ചില്ല. അങ്ങനെ അവര്‍ 14 പേര്‍ക്കെതിരെ കേസ് കൊടുത്തു. അങ്ങനെ എല്ലാവരും കോടതിയില്‍പോയി ജാമ്യമെടുത്തു. എന്തൊക്കെയോ അവര്‍ വിളിച്ചുപറയുകയാണെന്നും ലിസ്റ്റിന്‍ പറഞ്ഞു.

‘നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്‌സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ അറിയാമല്ലോ. എത്രയോ ആളുകള്‍ പ്രവര്‍ത്തിക്കുന്ന സിനിമാ വ്യവസായത്തില്‍ മറയുടെ ആവശ്യമെന്താണ്? ഞാന്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം. എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല. ഞാനായിട്ട് മുന്‍കയ്യെടുത്ത് മലയാളസിനിമയിലെ കണക്കുപുറത്തുവിടുന്നെന്നും ലോബിയുടെ ആളാണെന്നുമൊക്കെയാണ് പറയുന്നത്. എനിക്കാകെ അറിയുന്ന ലോബി എന്റെ ഫ്‌ളാറ്റിന്റെ താഴെയുള്ള ലോബിയാണ്. സാന്ദ്ര കാര്യങ്ങള്‍ വ്യക്തമായി പറയട്ടെ.

എന്റെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്. 15 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഒരു താരത്തിനെതിരെയും ഞാന്‍ പറഞ്ഞിട്ടില്ല. ഈ സിനിമയിലെ താരത്തിനെതിരെ പറഞ്ഞുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ടുവരുന്ന അടി താങ്ങാനുള്ള കരുത്ത് സ്വന്തമായി സിനിമയെടുക്കുന്ന ഒരു നിര്‍മാതാവിനില്ല. നല്ല തിരക്കഥാകൃത്തിനേയും സംവിധായകനേയും ടീമിനേയും കണ്ടെത്തി ഇവരെയൊക്കെ താരങ്ങളാക്കാന്‍ നിര്‍മാതാക്കളാണ് മുന്‍കയ്യെടുക്കുന്നത്. എന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിനുവരുന്ന കമന്റ് നോക്കിയാല്‍ മതി ആരുടെയൊക്കെ ഫാന്‍സാണ് പ്രതികരിക്കുന്നതെന്നറിയാന്‍.’ ലിസ്റ്റിന്‍ പറഞ്ഞു.

പേരുപറയാതെ പ്രമുഖ നടനെതിരെ വിമര്‍ശനവുമായെത്തിയ നിര്‍മാതാക്കളുടെ സംഘടനയുടെ ട്രഷറര്‍ കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ നിര്‍മാതാവ് സാന്ദ്രാ തോമസ് വിമര്‍ശനമുന്നയിച്ചിരുന്നു. ലിസ്റ്റിന്റെ പ്രസ്താവന സകലനടന്മാരേയും മുള്‍മുനയിലാക്കുന്നതാണെന്ന തന്റെ മുന്‍നിലപാട് സാന്ദ്ര ആവര്‍ത്തിച്ചു. ലിസ്റ്റിന്റെ പരാമര്‍ശം സംഘടനയില്‍ ഉന്നയിക്കും. ലിസ്റ്റിനെതിരെ നടപടി സ്വീകരിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് ഭയമാണെന്നും സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. നടനെതിരായ പരാമര്‍ശത്തില്‍ അഭിനേതാക്കളുടെ സംഘടന എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അവര്‍ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!