കോഴിക്കോട് : കേരളത്തിലെ പെൺകുട്ടികളെല്ലാം മുഴുവൻ സമയം മൊബൈൽ ഫോണിലാണെന്ന് നടൻ സലിം കുമാർ. കേരളത്തോട് ഇവർക്കെല്ലാം പുച്ഛമാണെന്നും പുതിയ തലമുറയെ സംസ്കാരം പഠിപ്പിക്കണമെന്നും സലിംകുമാർ പറഞ്ഞു.
ഇപ്പോഴത്തെ കുട്ടികൾക്ക് നമ്മുടെ നാടിന്റെ സംസ്കാരം അറിയില്ലെന്നും അവർക്ക് ആകെ അറിയുന്നത് ശവസംസ്‌കാരമാണെന്നും സലിം കുമാർ ആരോപിച്ചു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു സലിംകുമാറിന്റെ വിവാദ പരാമർശം.
‘ഞാൻ പറവൂരിൽനിന്ന് കോഴിക്കോട് വരെ എത്തുന്ന നേരം റോഡിലൂടെ പോവുന്ന പെൺകുട്ടികൾ മുഴുവൻ മൊബൈൽ ഫോണിലൂടെ സംസാരിച്ചാണ് പോവുന്നത്. നിങ്ങൾ നാളെത്തൊട്ട് ശ്രദ്ധിച്ചോ. ഒരു പെൺകുട്ടി പോലും മൊബൈൽ ഫോണിൽ സംസാരിക്കാതെ പോവുന്നില്ല. ഇന്ത്യ ഭരിക്കുന്ന മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്. ഇവരെന്താണ് ഈ പറയുന്നത്. പഠിക്കുന്ന പിള്ളേരാണ്… ഒരാളാണെങ്കിൽ വിചാരിക്കാം, ഒരാളല്ലേ എന്ന്… ഞാനെല്ലാം ചെക്ക് ചെയ്തു. വരുന്ന സകല പിള്ളേരും ശ്രദ്ധിക്കുന്നേയില്ല. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല’- സലിം കുമാർ പറയുന്നു.
