സിംഗപ്പൂരിൽ സ്കൂളില്‍ തീപിടുത്തം..19 പേർ മരിച്ചു… ആന്ധ്രാ ഉപമുഖ്യമന്ത്രിയുടെ മകന് പൊള്ളലേറ്റു

സിംഗപ്പൂർ : ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകൻ മാർക്ക് ശങ്കർ പവനോവിചിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. 7 വയസ്സായ മാർക്ക് അമ്മ അന്ന ലേഴ്നേവക്ക് ഒപ്പം സിംഗപ്പൂരിലാണ് ഉള്ളത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം. നിലവിൽ ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂർക്ക് തിരിക്കും.

വലിയ ദുരന്തത്തിൽ നിന്നാണ് പവൻ കല്യാണിൻ്റെ മകൻ രക്ഷപ്പെട്ടത്. ടുമാറ്റോ കുക്കിംഗ് സ്കൂൾ എന്ന വെക്കേഷൻ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു കുട്ടി. സിംഗപ്പൂരിലെ 278, വാലി റോഡ് എന്ന വിലാസത്തിൽ ഉള്ള ഷോപ്പ് ഹൗസിലാണ് തീപിടിത്തം ഉണ്ടായത്. സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സിൻ്റെ വാർത്താക്കുറിപ്പ് പ്രകാരം 19 പേർ തീപിടിത്തത്തിൽ മരിച്ചു. ഇതിൽ 15 പേർ കുട്ടികളാണ്. നാല് മുതിർന്നവരും അപകടത്തിൽ മരിച്ചു.

രാവിലെ സിംഗപ്പൂർ സമയം ഒൻപതേ മുക്കാലോടെ ആണ് ദുരന്തം ഉണ്ടായത്. 80 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെ നിർമാണത്തൊഴിലാളികളും നാട്ടുകാരുമാണ് ആദ്യം ഓടി എത്തിയത്. പവൻ കല്യാണിൻ്റെ മകൻ മാർക്കിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.

കുട്ടിയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ കറുത്ത പുക കയറിയത് കാരണം ബോധരഹിതൻ ആയിരുന്നു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് ജനസേന പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!