കൊച്ചി : യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലിൽ ലോകവിപണി ആടിയുലഞ്ഞതോടെ തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ മൂന്ന്) സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തുടർദിവസങ്ങളിൽ കുത്തനെ വില കുറഞ്ഞത്. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാൽ, ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി തകർന്നടിഞ്ഞു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു.
ശനിയാഴ്ച 90 രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടർന്നെങ്കിലും ഇന്നലെ വീണ്ടും താഴ്ന്നിരുന്നു. 68,480 എന്ന റെക്കോഡ് വിലയിൽ നിന്ന് തുടർച്ചയായ നാലു ദിവസം കൊണ്ട് 2,680 രൂപയാണ് പവന് കുറഞ്ഞത്