അയ്മനം ഗ്രാമപഞ്ചായത്തിലെ വലിയമട വാട്ടർ ടൂറിസം പാർക്ക്  തുറന്നു

കോട്ടയം : അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ്  പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം  പാർക്ക്  പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കെന്ന് മന്ത്രി പറഞ്ഞു.

4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്  അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ  പാർക്ക് പൂർത്തികരിച്ചത്.
അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.

കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.  കേരളീയ ഭക്ഷണം, ചൈനീസ്, നോർത്ത് ഇന്ത്യൻ ഫുഡ്  തുടങ്ങി നിരവധി രുചി ഭേദങ്ങളും ഇവിടെയുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും.

പ്രവേശനഫീസ് 50 രൂപയാണ്. അധികം വിനോദങ്ങൾക്ക്   പ്രത്യേകം ഫീസുണ്ട്.
ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി സാമുവൽ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ്, വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം,ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, പൊതുപ്രവർ ത്തകർ, പ്രദേശവാസികൾക്ക് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!