കൊച്ചി : കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത പീഡനങ്ങളാണ് അരങ്ങേറിയിരുന്നത്. കലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് മുഖ്യമായും പരാതി ഉയർന്നിരിക്കുന്നത്.
മാർക്കറ്റിംഗ് കമ്പനി നിർദ്ദേശിക്കുന്ന ടാരജറ്റ് നേടാത്ത ജീവനക്കാരെയാണ് സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാകുന്നത്. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് സാക്ഷ്യപ്പെടുത്തുന്നു.
ടാർജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരിലാണ് ഈ തരത്തിലുള്ള ശിക്ഷാനടപടികൾ എന്നും ആരോപണമുണ്ട്
അതേസമയം, കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികളായ ജിപിഎൽ,എച്ച്പിഎൽ എന്നിവിടങ്ങളിലെ തൊഴിൽ പീഡനത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മാർക്കറ്റിങ് മേഖലയിൽ തൊഴിൽ ചെയ്യുന്ന യുവാക്കളെ വസ്ത്രങ്ങൾ അഴിപ്പിക്കുകയും, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ പിന്നാലെയാണ് യുവജന കമ്മീഷൻ്റെ നടപടി.
തുച്ഛമായ ശമ്പളം നൽകികൊണ്ട്, തൊഴിലാഴികളെ 12 മണിക്കൂര്‍ വരെ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന് തൊഴിലാളികൾ വെളിപ്പെടുത്തിയിരുന്നു.
ജിപിഎൽ,എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് കൊച്ചിയിൽ പ്രവർത്തിക്കുന്നത്.
തൊഴിൽപീഡനത്തെ കുറിച്ച് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസർ കമ്പനിയിൽ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
