പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. യുഎസിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഡാർനെൽ ജോൺസിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ 14-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൈകൾ മുറിച്ച് മാറ്റി അതി ക്രൂരമായി പിതാവ് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിൽ ആഴമേറിയ മുറിവുണ്ട്. ആയതിനാൽ പ്രതി കഴുത്തറുത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കൊളംബസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പറഞ്ഞു.
കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് ചില പ്രാദേശിക മാദ്ധ്യമങ്ങളിൽ കരഞ്ഞുകൊണ്ട് മകളെ അവസാനമായി കണ്ടതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മുത്തശിയോടൊപ്പമാണ് മകൾ താമസിച്ചിരുന്നത്. കാണാതായ ദിവസം മകൾ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നുവെന്നും ആരോ വീട് തള്ളിത്തുറക്കാൻ ശ്രമിക്കുന്നതായി കുട്ടി വിളിച്ച് പറഞ്ഞുവെന്നുമാണ് പിതാവ് പറഞ്ഞത്. മകളെക്കുറിച്ച് ഇയാൾ പൊലീസിനോട് പറഞ്ഞ പല കാര്യങ്ങളും പരസ്‌പര വിരുദ്ധമായിരുന്നു. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊളംബസിൽ നിന്ന് പിടികൂടിയപ്പോൾ പ്രതിയുടെ കയ്യിൽ തോക്കുണ്ടായിരുന്നു.
ജോൺസ് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അവളെ കാണാതായതെന്ന് അമ്മ ടിയാര പൊലീസിനോട് പറഞ്ഞിരുന്നു. ജോൺസിന്റെ വീട്ടിലെത്തി നോക്കിയപ്പോൾ അവിടം അലങ്കോലമായിരുന്നുവെന്നും, അവളുടെ കണ്ണട മുൻവശത്തെ സോഫയ്ക്കരികിലായിരുന്നുവെന്നും, പെൺകുട്ടിയുടെ പൈജാമ ഡൈനിംഗ് റൂമിലെ തറയിലാണ് കിടന്നതെന്നും അവർ പറഞ്ഞു.
കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് പെൺകുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കഴുത്ത് ഏതാണ്ട് അറ്റുപോകുന്ന രീതിയിലായിരുന്നു മൃതദേഹം. വളരെ മൃഗീയമായ കൊലപാതകമാണിതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.