മന്നം ജയന്തിക്കൊരുങ്ങി പെരുന്ന

ചങ്ങനാശേരി : സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 147-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് നാളെ പെരുന്നയില്‍ തിരി തെളിയും. എന്‍എസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയില്‍ ആധുനിക രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ നാളെയും മറ്റന്നാളുമായാണ് മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്.

സമുദായാചാര്യന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പതിനായിരക്കണക്കിന് സമുദായാംഗങ്ങള്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തും. 30000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കരയോഗ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിക്കുന്നതിനായി എന്‍എസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് വനിതാ ഹോസ്റ്റലിലും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍എസ്എസ് ഹിന്ദു കോളജ് മൈതാനത്താണ് ഊട്ടുപുര. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് സദ്യ ഒരുക്കുന്നത്.

നാളെ രാവിലെ 6.30 മുതല്‍ ഭക്തി ഗാനാലാപനം, 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.15 ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജന.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷനാകും. തുടര്‍ന്ന് ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കും. സംഘടനാവിഭാഗം മേധാവി വി.വി.ശശിധരന്‍ നായര്‍പ്രസംഗിക്കും. വൈകിട്ട് 3 നു ബാംഗ്ലൂര്‍ ബ്രദേഴ് സ് അവതരിപ്പിക്കുന്ന സംഗീതസദസ്. വൈകിട്ട് 6.30 ന് സിനിമാതാരം രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി 9 ന് കഥകളി.
ചൊവ്വാഴ്ച രാവിലെ മുതല്‍ ഭക്തിഗാനാലാപനം, 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 10.30 ന് ജയന്തിസമ്മേളനത്തിന് എത്തുന്ന വിശിഷ ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45 ന് ജയന്തി സമ്മേളനം മുന്‍ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം സി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അനുസ്മരണപ്രഭാഷണം നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍, ട്രഷറര്‍ എന്‍.വി.അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!