ലോക ചാമ്പ്യൻ കാൾസനെ സമനിലയിൽ തളച്ച് മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ

സമർകൻഡ് : ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. കരിയറിൽ ആദ്യമായാണ് നിഹാൽ കാൾസനുമായി ഏറ്റുമുട്ടുന്നത്. ഉസ്ബെക്കിസ്ഥാനിലെ സമർകൻഡിൽ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ 11ാം റൗണ്ടിലാണ് നിഹാൽ കാൾസനുമായി ഏറ്റുമുട്ടിയത്.

നേരത്തെ ഓൺലൈൻ പോരാട്ടങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. തന്റെ ആദ്യ ഫിഡെ റേറ്റഡ് പോരാട്ടത്തിൽ നേർക്കുനേർ ബോർഡിനു മുന്നിൽ വന്നപ്പോൾ 19കാരനായ മലയാളി താരം സമനില സ്വന്തമാക്കി.

അതേസമയം 15ാം റൗണ്ടിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ യാൻ നീപോംനീഷിയോടു പരാജയപ്പെടുകയും തുടർച്ചയായ പോരാട്ടങ്ങളിൽ സമനില വഴങ്ങുകയും ചെയ്തതോടെ താരം പത്താം സ്ഥാനത്തേക്ക് വീണു. ടൂർണമെന്റ് റാങ്കിങ്ങിൽ താരം 20ാം സ്ഥാനത്തായിരുന്നു. പത്ത് റൗണ്ട് പിന്നിടുമ്പോൾ നിഹാൽ ആദ്യ അഞ്ചിലേക്ക് എത്തി.

11ാം റൗണ്ട് കഴിഞ്ഞപ്പോൾ 8.5 പോയിന്റുമായി നിഹാൽ കാൾസനും നീപോംനീഷിയ്ക്കുമൊപ്പം ടോപ് ഓർഡറിൽ തുല്യനിലായിരുന്നു. എന്നാൽ പിന്നീടുള്ള മൂന്ന് റൗണ്ടുകളിൽ സമനിലയും 15ാം റൗണ്ടിൽ നീപോംനീഷിയോടു പരാജയപ്പെട്ടതും താരത്തിനു തിരിച്ചടിയായി. അതോടെ പോയിന്റും കുറഞ്ഞു. 16,17,18 റൗണ്ടുകളിലെ സമനിലകളുടെ ബലത്തിൽ താരം 11 പോയിന്റുമായി നിലവിൽ പത്താം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!