മുംബൈ: ഹണിമൂൺ ആഘോഷത്തിനിടെ കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച നവവധു വീണ് മരിച്ചു. പൂനെയിൽ നിന്നുള്ള 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സെൽഫി എടുക്കുന്നതിനിടെ പ്രബൽഗഡ് കോട്ടയുടെ മുകളിൽ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു. പൻവേൽ താലൂക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി. ഡിസംബർ എട്ടിനാണ് ശുഭാംഗിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പൻവേൽ താലൂക്ക് പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ അനിൽ പാട്ടീൽ അറിയിച്ചു
ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവർ വ്യാഴാഴ്ച രാവിലെ മച്ചി പ്രബൽഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30 ഓടെ, കോട്ടയുടെ മുകളിൽ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികിൽ നിൽക്കുമ്പോൾ സെൽഫി എടുക്കാൻ തുടങ്ങി. ഈ സമയത്ത് അവൾ അബദ്ധത്തിൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ഭർത്താവ് വിനായക് പൊലീസിനോട് പറഞ്ഞു.
