സഞ്ജുവും ദ്രാവിഡും ഉടക്കില്‍? ‘സൂപ്പര്‍ ഓവര്‍ ചര്‍ച്ച’യില്‍ പങ്കെടുക്കാന്‍ വിളിച്ചിട്ടും വന്നില്ല, ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍!

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ ഉടക്കിയോ? ആരാധകര്‍ അങ്ങനെ സംശയിക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ജയിക്കാമായിരുന്ന മത്സരം രാജസ്ഥാന്‍ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ സഞ്ജു സാംസണ്‍ പരിക്കേറ്റ് ബാറ്റിങ് മുഴുമിപ്പിക്കാതെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല എന്നു വ്യക്തമാക്കുന്നതാണ് വിഡിയോ. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും 188 റണ്‍സ് എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഡഗൗട്ടില്‍ സൂപ്പര്‍ ഓവറില്‍ എന്തു തന്ത്രമെടുക്കണമെന്നു ടീം അംഗങ്ങളും പരിശീലകരും വട്ടമിട്ട് ചര്‍ച്ച നടത്തുമ്പോള്‍ സഞ്ജു സാംസണ്‍ ഈ ചര്‍ച്ചകളുടെ ഭാഗമേ ആകുന്നില്ല. താരം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും വിഡിയോയില്‍ കാണാം. അതിനിടെ രാജസ്ഥാന്റെ ഒരു താരം സഞ്ജുവിനെ ചര്‍ച്ചകളില്‍ ചേരാന്‍ ആംഗ്യത്തിലൂടെ ആവശ്യപ്പെടുമ്പോള്‍ സഞ്ജു അതു നിരസിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാജസ്ഥാന്‍ ടീം അംഗങ്ങളുമായും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായി ദ്രാവിഡ് സംസാരിക്കുന്നതാണ് വിഡിയോ. മിച്ചല്‍ സ്റ്റാര്‍ക്കിനെ നേരിടാന്‍ ആരിറങ്ങുമെന്ന ചര്‍ച്ചയാണ് നടക്കുന്നതെന്നു കമന്റേറ്റര്‍മാര്‍ പറയുന്നുണ്ട്.

മത്സര ശേഷം ദ്രാവിഡുമായി സംസാരിക്കാന്‍ സഞ്ജു തയ്യാറായില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ മലയാളി താരത്തനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

സീസണില്‍ രാജസ്ഥാന്‍ തുടര്‍ച്ചയായി നേരിടുന്ന മൂന്നാം തോല്‍വിയായിരുന്നു ഇത്. ഡല്‍ഹി 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സിനു പുറത്തായി. 189 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ പോരാട്ടവും 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സില്‍ തന്നെ അവസാനിച്ചു. ഇതോടെയാണ് സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടം അരങ്ങേറിയത്.

സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത ഓവറിനിടെ മിന്നും ഫോമില്‍ ബാറ്റ് വീശി വിജയത്തിനു അടിത്തറയിട്ട് അര്‍ധ സെഞ്ച്വറിയുമായി കളം വാണ നിതീഷ് റാണയ്ക്കു പകരം ഷിമ്രോണ്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗുമാണ് സൂപ്പര്‍ ഓവറില്‍ കളത്തിലെത്തിയത്. എന്നാല്‍ തീരുമാനം പാളി. 5 പന്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്. ഡല്‍ഹിക്കായി പന്തെറിഞ്ഞത് മിച്ചല്‍ സ്റ്റാര്‍ക്ക്.

12 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്കായി ക്രീസിലെത്തിയത് ട്രിസ്റ്റന്‍ സ്റ്റബ്‌സും കെഎല്‍ രാഹുലും. സന്ദീപ് ശര്‍മയാണ് രാജസ്ഥാനായി സൂപ്പര്‍ ഓവറില്‍ പന്തെടുത്തത്. നാലാം പന്ത് സിക്‌സടിച്ച് സ്റ്റബ്‌സ് ഡല്‍ഹിയുടെ ജയം ഉറപ്പാക്കി. രാഹലും തിളങ്ങി. താരം 7 റണ്‍സടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!