ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു, മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍: ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി. മുന്‍പ് നേരിട്ടിരുന്ന ശ്വസന ബുദ്ധിമുട്ടുകള്‍ ഇപ്പോഴില്ലെന്നും ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തുവെന്നും വത്തിക്കാൻ അറിയിച്ചു.

വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട. എന്നാല്‍ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ട്. രാവിലെ കുർബാന സ്വീകരിച്ച മാർപാപ്പ ഉച്ചയ്ക്ക് ശേഷം ജോലികൾ പുനരാരംഭിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുകയാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണം നടത്തി. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാൻ വക്താവ് വിശദമാക്കി.

88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!