ചെന്നൈ : പത്ത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐ പി എൽ കിരീടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. കൊൽക്കത്തയുടെ മൂന്നാം കിരീട നേട്ടമാണിത്.
സ്കോർ:
ഹൈദരാബാദ് 113(18.3)
കൊൽക്കത്ത 114/2 (10.3)
114 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് സുനിൽ നരെയ്ന്റെ വിക്കറ്റ് തുടക്കത്തിൽ നഷ്ടമായെങ്കിലും വെങ്കിടേഷ് അയ്യരും റഹ്മത്തുള്ള ഗുർബാസും ചേർന്ന് വിജയത്തിലേക്ക് നയിച്ചു. 32 പന്തിൽ 39 റൺസെടുത്ത ഗുർബാസ് പുറത്താകുമ്പോഴേക്കും കൊൽക്കത്ത വിജയവും മൂന്നാം കിരീടവും ഉറപ്പിച്ചിരുന്നു. 26 പന്തിൽ പുറത്താകാതെ 52 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് കൊൽക്കത്തയുടെ വിജയശിൽപി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിന് കൊൽക്കത്തയുടെ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സ്റ്റാർക്ക്, ഹർഷിദ് റാണ,ആന്ദ്രെ റസൽ എന്നിവരുടെ ബൗളിംഗിന് മുന്നിൽ ഹൈദരാബാദിന്റെ ബാറ്റിംഗ് നിരക്ക് മറുപടിയുണ്ടായില്ല. 19 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. നാല് പേർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. റസൽ മൂന്നും സ്റ്റാർക്ക്,റാണ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.