സിപിഎമ്മിൻ്റെ ചരിത്രത്തിൽ ആദ്യമായി  ജില്ലാ സെക്രട്ടറി പദത്തിൽ ഒരു വനിത…

കൊൽക്കത്ത :  സിപിഎം. പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലാ സെക്രട്ടറിയായാണ് ദേബ്ലീന ഹെംബ്രാം എന്ന വനിതയെ തെരഞ്ഞെടുത്തത്. സി.പി.ഐ പിളർന്ന് സി.പി.എം പിറവിയെടുത്തതിന് ശേഷം ആദ്യമായാണ് ഒരു വനിത ജില്ലാ സെക്രട്ടറിയുടെ കസേരയിലേക്ക് എത്തുന്നത്.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ദേബ്ലീന ഹെംബ്രാം. മുൻ സംസ്ഥാനമന്ത്രിയായ അവർ നിലവിൽ സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൂടിയാണ്. സി.പി.എമ്മിന്റെ സംഘടനാരീതിയനുസരിച്ച് ജില്ലാ, സംസ്ഥാന, കേന്ദ്രക്കമ്മിറ്റികളിൽ ഒരേസമയം ഭാരവാഹിത്വം പതിവില്ല. ദേബ്ലീനയുടെ കാര്യത്തിൽ പി.ബി. യുടെ അനുമതിയോടെ പ്രത്യേകഇളവ് നേടിയെടുക്കേണ്ടിവരും.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ദേബ്ലീന ഹെംബ്രാമിനെ തിരഞ്ഞെടുത്തതെന്ന് സിപിഎം വൃത്തങ്ങൾ അറിയിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ അഭയ് മുഖോപാധ്യായ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അഭയ്. ബാങ്കുര ജില്ലാ പരിഷത്തിൻ്റെ മുൻ പ്രസിഡൻ്റ് പാർത്ഥപ്രതിം മജുംദറാണ് സെക്രട്ടറി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച രണ്ടാമത്തെയാൾ. എന്നാൽ വോട്ടെടുപ്പ് തടയാൻ മുഹമ്മദ് സലിമും അമിയ പത്രയും ദേബ്ലീന ഹെംബ്രാമിന്റെ പേര് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്  നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ ഒരു വനിതയ്ക്ക് അവസരം കൈവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!