സംസ്ഥാനത്ത് ബിജെപി യുടെ സംഘടനാ സംവിധാനം പരിഷ്കരിച്ചു ; 30 ജില്ലാ കമ്മറ്റികൾ നിലവിൽ വരുന്നു

തൃശൂർ : സംസ്ഥാനത്ത് ബിജെപിക്ക് 30 ജില്ലാ കമ്മിറ്റികൾ നിലവിൽ വരുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു

14 റവന്യൂ ജില്ലാ കമ്മിറ്റികൾ വിഭജിച്ചാണ് ബിജെപി 30 സംഘടന ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചുതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ റവന്യൂ ജില്ലകളിൽ ഇനി മൂന്ന് ജില്ലാ കമ്മിറ്റികൾ ഉണ്ടായിരിക്കും. പത്തനംതിട്ട വയനാട് കാസർകോട് ജില്ലാ കമ്മിറ്റികൾ ഒഴികെ മറ്റു ജില്ലകൾ എല്ലാം രണ്ടായി വിഭജിക്കും. സംഘടനയുടെ പ്രവർത്തനം സുഗമമാക്കാനാണ് ജില്ലാ വിഭജനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ മുന്നിലും പിന്നിലും മാത്രമല്ല എ. വിജയരാഘവന്റെയും മുന്നിലും പിന്നിലും ഉള്ളതും വർഗീയ ശക്തികൾ തന്നെയാണ്. കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് വർഗീയ ശക്തികൾ ആണെന്നത് പുതിയ ഒരു കാര്യമല്ല. വിജയരാഘവന് ഇപ്പോൾ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ന് ഭൂരിപക്ഷ സമുദായത്തിന്റെ ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാൻ വേണ്ടിയാണ് വിജയരാഘവനെ പോലെയുള്ളവർ ഇത്തരം വെടികൾ പൊട്ടിക്കുന്നത്. ഇതിനൊന്നും പാർട്ടിയുടെ ഔദ്യോഗിക പിന്തുണ ലഭിക്കുകയില്ല. മെക് സെവനെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറി വലിയ പ്രതികരണം നടത്തി. എന്നാൽ സിപിഎം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിനാൽ ജില്ലാ സെക്രട്ടറിക്ക് 24 മണിക്കൂർ കൊണ്ട് മലക്കം മറക്കേണ്ടി വന്നു. മുഹമ്മദ് റിയാസും സംഘവും ആണ് ഇതിനെല്ലാം പിന്നിൽ.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം അവരുടെ കേഡർമാരെ എങ്ങനെയെല്ലാം സഖാക്കൾ ആക്കി മാറ്റാം എന്നാണ് സിപിഎം ശ്രമിക്കുന്നത്. കൊല്ലത്തും ആലപ്പുഴയിലും സിപിഎമ്മിൽ കണ്ട വിഭാഗീയതയുടെ മൂല കാരണം ഇതുതന്നെയാണ്. പിഎഫ്ഐ അണികളെ പാർട്ടിയിൽ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുള്ള ഒരു കള്ളത്തരം മാത്രമാണ് സിപിഎമ്മിന്റെ മതനിരപേക്ഷത. വർഗീയശക്തികളോട് എന്ത് നിലപാട് എടുക്കണമെന്ന് പോലും സിപിഎമ്മിന് ധാരണ ഇല്ലാതായിരിക്കുന്നു. വലിയ ആശയ പാപ്പരത്തമാണ് സിപിഎം നേരിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകൾക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. സഹകരണ പ്രസ്ഥാനങ്ങൾ നിലനിൽക്കാൻ ആവശ്യമായ രീതിയിലായിരിക്കും ബിജെപിയുടെ പ്രക്ഷോഭങ്ങൾ. സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!