റഷ്യൻ പ്രസിഡന്റിന്റെ ‘ഓർ‍ഡ‍ർ ഓഫ് ഫ്രണ്ട്ഷിപ്പ്’ പുരസ്ക്കാരം  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക്  സമ്മാനിച്ചു


ന്യൂഡൽഹി : ആധ്യാത്മിക, സാമൂഹികരംഗത്തെ സംഭാവനകളും, ഇന്ത്യ – റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നടത്തുന്ന ഇടപെടലുകളും പരിഗണിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയ്ക്ക് റഷ്യ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്’ബഹുമതി സമ്മാനിച്ചു .

ന്യൂഡൽഹിയിലെ റഷ്യൻ എംബസിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വ്ലാദിമിർ പുടിന് വേണ്ടി റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവ് ബഹുമതി കൈമാറി.  ചടങ്ങിൽ രാഷ്ട്രീയ-സാമുദായിക- സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

2021 ഒക്ടോബർ 15നാണ്  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ മലങ്കരസഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റത്. തന്റെ മുൻഗാമിയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ സഹോദരൻ പദ്ധതിയിലൂടെ ജാതി മതഭേദമന്യേ ആയിരക്കണക്കിന് ആളുകളിലേക്ക് ഇതിനോടകം ബാവ സഹായം എത്തിച്ചു. സഭയുടെ പരമാധ്യക്ഷനായി ചുമതല ഏൽക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ചുമതല വഹിച്ച കണ്ടനാട് ഭദ്രാസനത്തിൽ 14 സാധുജനക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിൽ വിവിധ തലത്തിൽ അവശത അനുഭവിക്കുന്നവർക്കായി ഏർപ്പെടുത്തി നാളിതുവരെ നടത്തിവരികയാണ്.
റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം ഈ കാലയളവിൽ കൂടുതൽ ദൃഢമാക്കി. സമൂഹത്തിൽ നടത്തിയ ഇടപെടലുകളും,റഷ്യയുമായുള്ള ആധ്യാത്മിക,സാംസ്ക്കാരിക വിനിമയവും പുരസ്ക്കാരത്തിൽ നിർണായകമായി. റഷ്യൻ സഭയുടെ പരമോന്നത ബഹുമതിയായ *ഓർഡർ ഓഫ് ഫെയ്ത്ത് ആൻഡ് ഗ്ലോറി* 2014 നവംബർ 2ന് കാതോലിക്ക ബാവയ്ക്ക് സമ്മാനിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് പ്രശസ്ത ചലച്ചിത്രകാരൻ മൃണാൾസെൻ, ബ്രഹ്മോസ് തലവൻ എ ശിവതാണുപിള്ള , തമിഴ് സാഹിത്യകാരൻ ജയകാന്തൻ  തുടങ്ങിയവർക്ക്  റഷ്യൻ പ്രസിഡന്റിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ലഭിച്ചിട്ടുണ്ട്. 2024 ജൂലൈയിൽ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ  ഓർഡർ ഓഫ് സെയിന്റ് ആൻഡ്രൂ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലുള്ള നിർണായക പങ്ക് പരിഗണിച്ചായിരുന്നു പുരസ്ക്കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!