സൗബിൻ കുടുങ്ങുമോ? നിർണായക രേഖകൾ കണ്ടെത്തിയെന്ന് സൂചന, നടനെ ചോദ്യം ചെയ്തേക്കും…

കൊച്ചി: നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും. സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന.

സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് താരത്തിന് നേരെ ഉയരുന്ന ആരോപണം. സൂപ്പർഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്തത് സൗബിന്റെ പറവ ഫിലിംസാണ്. ഈ സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്.

ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.

സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരെ ഉൾപ്പെടെ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!