ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന രീതിയില്‍ ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ചിത്രീകരിക്കുന്നതിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. മടയന്‍, മുടന്തന്‍ തുടങ്ങിയ പദങ്ങള്‍ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് സാമൂഹിക മാധ്യമത്തില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
സ്‌ക്രീനിംങിന് മുമ്പ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡി വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.’ആംഖ് മിച്ചോളി’ എന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് നിപുണ്‍ മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ വിവിധ യാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അവരുടെ വെല്ലുവിളികള്‍ മാത്രമല്ല വിജയങ്ങള്‍, കഴിവുകള്‍, സമൂഹത്തിനുള്ള സംഭാവനകള്‍ എന്നിവയും ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കെട്ടുകഥകള്‍ ചിത്രീകരിച്ച് അവരെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
