കായംകുളം : കെപിഎസി, കൊല്ലം അസീസി തുടങ്ങിയ നാടക സമിതികളിൽ കഴിവ് തെളിയിച്ച നടിയായിരുന്നു കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച അഞ്ജലി. വിവാഹ ശേഷം മൂന്നു വർഷം മുൻപാണ് അഞ്ജലി ദേവ കമ്യൂണിക്കേഷനിൽ എത്തുന്നത്.
മൂന്ന് വയസ് മാത്രമുള്ള കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു നടകത്തിനായി പോയപ്പോഴായിരുന്നു അപകടം. അപകട വാർത്തയറിഞ്ഞ് അഞ്ജലിയുടെ ഭർത്താവും കുടുംബവും കണ്ണൂരിലേക്ക് തിരിച്ചിരിക്കുകയാണ്. കണ്ണൂർ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചത്.
നാടക നടനായ ഉല്ലാസുമായുള്ള വിവാഹത്തിന് ശേഷമാണ് അഞ്ജലി കായംകുളത്ത് എത്തുന്നത്. കെപിഎസിയിലുൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഞ്ജലി മികച്ച നടിയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ജലി മികച്ച നടിയായിരുന്നുവെന്നും കുടുംബത്തിൻ്റെ അത്താണിയായിരുന്നുവെന്നും പഞ്ചായത്തംഗം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബ പശ്ചാത്തലമാണുള്ളത്. ഇതെല്ലാം മറച്ചുവെച്ചാണ് അഞ്ജലി അഭിനയിക്കുന്നതെന്നും പഞ്ചായത്തംഗം പറയുന്നു. ഒരു നാടകത്തിൽ അഭിനയിച്ച ശേഷം ഇന്നലെ ട്രെയിൻ മാർഗം കണ്ണൂരിലെത്തിയ അഞ്ജലി അവിടെ നിന്നും ബസ്സിലുള്ള യാത്രക്കിടെയാണ് അപകടത്തിൽപ്പെട്ടതും മരണം സംഭവിക്കുന്നതും.