കോന്നി: ഞങ്ങളുടെ ജീവിതം നശിപ്പിച്ച കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് പി. പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെന്നും നേരത്തെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും ഈ നിമിഷം വരെ അതുണ്ടായില്ലെന്നും മഞ്ജുഷ പറഞ്ഞു.
പി. പി ദിവ്യയുടെ മുൻ കൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് മഞ്ജുഷ മാധ്യമങ്ങളെ കണ്ടത്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ സഹോദരനും പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാല്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തിയൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിരുന്നു.