വെള്ളക്കരം അടച്ചില്ല, പാമ്പാടിയിലെ താല്‍ക്കാലിക വില്ലേജ് ഓഫീസിലെ കണക്ഷന്‍ വിഛേദിച്ച് ജല അതോറിറ്റി
പാമ്പാടി : സ്മാർട്ട് വില്ലേജോ ഇതുവരെ നടപ്പായില്ല. ഇപ്പോഴിതാ വെള്ളക്കരം അടച്ചില്ല. പൈപ്പ് കണക്ഷന്‍ വിഛേദിച്ച് ജല അതോറിറ്റിയുടെ നടപടി. പാമ്പാടി റെഡ്ക്രോസ് സൊസൈറ്റിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന പാമ്പാടി വില്ലേജ് ഓഫിസിന്റെ പൈപ്പ് കണക്ഷനാണ് വിഛേദിച്ചത്.
3050 രൂപയാണ് വെള്ളക്കരമായി വില്ലേജ് ഓഫിസിനുള്ളത്. ബില്ല് ലഭിച്ച ഉടന്‍ റെഡ്‌ക്രോസ് ഭാരവാഹികള്‍ ഉദ്യോഗസ്ഥരെ ഏല്‍പിച്ചെങ്കിലും അടക്കാന്‍ തയാറായില്ല തുടര്‍ന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ വെള്ളം നിരക്ക് അടയ്ക്കണമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു.
തുടര്‍ന്നും ബില്‍ അടയ്ക്കാന്‍ വില്ലേജ് ഓഫീസ് അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ വിഛേദിച്ചത്. എന്നിട്ടും വെള്ളക്കരം അടയ്ക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് റെഡ്‌ക്രോസ് ചെയര്‍മാന്‍ ഒ.സി. ചാക്കോ പറഞ്ഞു.
ഇനിയും വെള്ളക്കരം അടക്കാന്‍ വൈകിയാല്‍ കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ നല്‍കേണ്ടി വരും. വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം റെഡ്‌ക്രോസ് ബില്‍ഡിങ്ങിലേക്ക് മാറ്റിയതോടെ നിലവില്‍ വരുമാനമില്ലത്ത സ്ഥിതിയാണ് പാമ്പാടി റെഡ്ക്രോസ് യൂണിറ്റിന്.