ടെഹ്റാൻ: ഒക്ടോബർ 1 ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയുമായി ഇസ്രായേൽ. ശനിയാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിലും അയൽ നഗരമായ കരാജിലും ഒന്നിലധികം ശക്തമായ ഉഗ്ര സ്‌ഫോടനങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉഗ്രസ്ഫോടനങ്ങളാണുണ്ടായത്. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. വലിയ ഉച്ചത്തിൽ ശബ്ദം കേട്ടുവെന്നും അന്തരീക്ഷം മുഴുവൻ ചുവന്ന നിറമായെന്നും പ്രദേശ വാസികൾ ഇറാനിലെ ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
ഒക്‌ടോബർ 7 മുതൽ ഇറാനിൽ നിന്നും അതിൻ്റെ നിഴൽ സൈന്യങ്ങളിൽ നിന്നുമുള്ള “നിരന്തരമായ ആക്രമണങ്ങൾക്ക്” മറുപടിയായാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു, ഞങ്ങൾക്ക് “പ്രതികരിക്കാനുള്ള അവകാശവും കടമയും” ഉണ്ടെന്നും ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു.
ഒക്‌ടോബർ ഒന്നിന് നടന്ന മിസൈൽ ആക്രമണത്തെത്തുടർന്ന് ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
