ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ രണ്ടാം സെമിയില്‍ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തിയതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കൂട്ടയടി. ഉറുഗ്വെ താരങ്ങളും കൊളംബിയന്‍ ആരാധകരും തമ്മിലാണ് കൈയാങ്കളി അരങ്ങേറിയത്. എന്താണ് ഏറ്റുമുട്ടലിനു കാരണമെന്നു വ്യക്തമായിട്ടില്ല.
പരുക്കന്‍ അടവുകള്‍ നിരവധി കണ്ട മത്സരമായിരുന്നു രണ്ടാം സെമി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കൊളംബിയന്‍ താരം ഡാനിയല്‍ മുനോസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്താകുകയും ചെയ്തിരുന്നു. പോരാട്ടം അവസാനിച്ചതിനു പിന്നാലെ ഉറുഗ്വെ താരങ്ങള്‍ ഗ്യാലറിയിലേക്ക് ഓടിക്കയറി ആരാധകരുമായി പോരടിക്കുകയായിരുന്നു.

70,644 പേരാണ് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ വന്നത്. പകുതിയിലധികവും കൊളംബിയന്‍ ആരാധകരായിരുന്നു. മത്സരം നടക്കുന്നതിനിടെ വെള്ളക്കുപ്പികള്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞതടക്കമുള്ള വിവാദ സംഭവങ്ങളും അരങ്ങേറി. അതിനിടെ ഉറുഗ്വെ- കൊളംബിയ ആരാധകര്‍ തമ്മില്‍ ചെറിയ ഉരസലുണ്ടായിരുന്നു.
മത്സരം അവസാനിച്ചതിനു പിന്നാലെ ഉറുഗ്വെ സൂപ്പര്‍ താരങ്ങളായ ഡാര്‍വിന്‍ നൂനസും അരൗജോയുമെല്ലാം ആരാധകരുമായി തല്ലുപിടിക്കാന്‍ മുന്നില്‍ നിന്നു. പത്ത് മിനിറ്റിലധികം സമയെമെടുത്ത് പൊലീസ് ഇടപെട്ട് സംഘര്‍ഷത്തിനു അയവു വരുത്തുകയായിരുന്നു.
മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തി. ജെഫേഴ്‌സന്‍ ലെര്‍മയാണ് വിജയ ഗോള്‍ നേടിയത്. ഫൈനലില്‍ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍.