‘ദന’ ചുഴലിക്കാറ്റ്… ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റ് മാറ്റി…കേരള താരങ്ങൾ പകുതിക്ക് മടങ്ങി

ഭുവനേശ്വർ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘ദന’ ചുഴലിക്കാറ്റ് കാരണം, ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റ് മാറ്റിവെച്ചു.

നവംബർ അവസാന വാരത്തിലേക്കാണ് അത്‍ലറ്റിക് മീറ്റ് മാറ്റിവെച്ചത്. ചൊവ്വാഴ്ച ചേർന്ന അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ)യുടെ അടിയന്തര യോഗമാണ് മീറ്റ് മാറ്റാൻ തീരുമാനിച്ചത്. വിവേക് എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് യാത്രതിരിച്ച കേരള താരങ്ങൾ വിവരമറിഞ്ഞതോടെ യാത്ര മതിയാക്കി നാട്ടിലേക്ക് തിരിച്ചു.

എറണാകുളത്തുനിന്നും പാലക്കാടു നിന്നും ട്രെയിനിൽ കയറാനിരുന്നവരും തിരിച്ചുപോയതായി സംസ്ഥാന അത്‍ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 35 പേരായിരുന്നു ട്രെയിനിൽ പോകാനിരുന്നത്.

കേരള ടീമിൽ 108 താരങ്ങളാണുണ്ടാ യിരുന്നത്. ചിലർ വിമാന മാർഗം പോകാൻ തീരുമാനിച്ചിരുന്നു. സർക്കാർ യാത്രാചെലവ് മുൻകൂറായി അനുവദിക്കാത്തതിനാൽ സ്വന്തം പണം മുടക്കിയായിരുന്നു യാത്ര.

‘ദന’ ചുഴലിക്കാറ്റ് ഒഡിഷയിലും എത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ട്രെയിനുകളടക്കം റദ്ദാക്കുന്നത് താരങ്ങൾക്ക് ബുദ്ധിമുട്ടാകും. ഈ മാസം 25 മുതൽ 29 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. ഇതേ സ്റ്റേഡിയത്തിൽ നവംബർ ആദ്യവാരം മുതൽ വീണ്ടും ഐ.എസ്.എൽ കളികൾ നടക്കേണ്ടതിനാൽ ഇനി അവസാന വാരം ദേശീയ ജൂനിയർ മീറ്റ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!