ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയില്‍ കൂടുതലും കേരളത്തില്‍.
56.56 കോടി രൂപ വിലവരുന്ന 35 സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് ഇഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 35.43 കോടി രൂപയുടെ 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപയുടെ 16 സ്ഥാവര സ്ഥത്തുക്കളുമാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനുമായി പിഎഫ്ഐ ഓഫീസ് ഭാരവാഹികൾ, അംഗങ്ങൾ, കേഡറുമാർ തുടങ്ങിയവർ ഗുഢാലോചന നടത്തുകയും ഫണ്ട് സമാഹരണം നടത്തുകയും ചെയ്തുവെന്ന് ഇഡി പറയുന്നു. ബാങ്ക്, ഹവാല, സംഭാവന വഴിയാണ് ഫണ്ട് സമാഹരണം നടത്തിയത്. ഇത്തരത്തിൽ ശേഖരിച്ച തുക കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, ജമ്മു കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചുവെന്നും ഇഡി വ്യക്തമാക്കി.