എരുമേലി-ബെംഗളൂരു സര്‍വീസ് ബസില്‍ നിന്ന് 65 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു



* രാവിലെ പാലായില്‍ നിന്ന് 42,48500 പിടികൂടിയിരുന്നു

* പൊന്‍കുന്നത്ത് നിന്നും ഇതേ ബസില്‍ നിന്ന്  23 ലക്ഷം രൂപ കണ്ടെടുത്തു.

പൊന്‍കുന്നം: എരുമേലി-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ നിന്ന് ഒരു ദിവസം കണ്ടെടുത്തത് 65 ലക്ഷത്തിലധികം രൂപ. യാത്രക്കാരില്‍ ഒരാള്‍ ബസില്‍ കടത്തിയ പണമാണ് എക്സൈസ് പിടിച്ചത്.

ബെംഗളൂരുവില്‍ നിന്ന് എരുമേലിക്കുള്ള മടക്കയാത്രയിലാണ് സാനിയ ബസില്‍ നിന്ന് ഇന്നലെ രാവിലെ പാലായില്‍ വെച്ച് ഈരാറ്റുപേട്ട എക്‌സൈസ് സംഘം 42,48500 രൂപ പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് അന്തര്‍സംസ്ഥാന ബസുകളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായുള്ള തിരച്ചിലിലാണ് ബസില്‍ നിന്ന് പണം കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് യാത്രക്കാരനായിരുന്ന ഇടുക്കി കട്ടപ്പന വെള്ളയാംകുടി മനോജ് മണിയെ പാലായില്‍ അറസ്റ്റ് ചെയ്തിരുന്നു. എരുമേലി സ്വദേശിയായ ഷുക്കൂറിന് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് അയാള്‍ മൊഴി നല്‍കി.

ബസ് അടുത്ത സര്‍വീസിന് മുമ്പ് വൃത്തിയാക്കാനായി ചേപ്പുംപാറയിലെ ഗാരേജില്‍ കയറ്റിയപ്പോള്‍ ബര്‍ത്തില്‍ നിന്ന് ജീവനക്കാര്‍ ഒരു പൊതി കണ്ടെടുത്തു. പാലായില്‍ നിന്ന് എക്‌സൈസ് സംഘം ഒരു കെട്ട് കണ്ടെടുത്തിരുന്നതിനാല്‍ ജീവനക്കാര്‍ പൊന്‍കുന്നം എക്‌സൈസ് സ്റ്റേഷനില്‍ ഈ വിവരം അറിയിച്ചു.

എക്‌സൈസ് സംഘം സ്ഥലത്തെത്തി പൊതി അഴിച്ചപ്പോഴാണ് അതില്‍ പണമാണെന്ന് തിരിച്ചറിഞ്ഞത്. 23 ലക്ഷം രൂപയുണ്ട്. മഹസര്‍ തയ്യാറാക്കി പൊന്‍കുന്നം പോലീസ് എസ്.എച്ച്.ഒ.യ്ക്ക് ഈ തുക കൈമാറി.

പൊന്‍കുന്നത്ത് പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നെജിമോന്‍, അസി.ഇന്‍സ്‌പെക്ടര്‍ പി.എ.നജീബ്, എം.പി.സുനില്‍, റെജി കൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ അജേഷ് ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!