കോട്ടയം : കുടുംബ പ്രശ്നം അന്വേഷിക്കാൻ എത്തിയ പൊലീസ് ആളുമാറി വഴിയാത്രക്കാരനെ മർദിച്ചതായി പരാതി. അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) ആണ് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരെ പരാതിയുമായി എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
രോഗിയായ അമ്മയ്ക്ക് മരുന്നു വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു മാത്യു. ഈ സമയം പൊലീസ് ജീപ്പ് അടുത്തുനിർത്തി പുറത്തിറങ്ങിയ എഎസ്ഐ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് മാത്യു പരാതിയിൽ പറയുന്നു.
താൻ വിവാഹിതനല്ലെന്നും ഡിവൈഎസ്പിയുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പൊലീസുകാർ കേൾക്കാൻകൂട്ടാക്കാതെ പരിഹസിച്ചെന്നും പരാതിയിലുണ്ട്. പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ഈ ഭാഗത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നതുസംബന്ധിച്ച് ഒരാൾ പൊലീസിനോട് ഫോണിൽ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു.
അതേസമയം, പരാതി നൽകിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോൾ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.