പാരിസ്: വനിതകള്‍ക്കു പിന്നാലെ ഇന്ത്യന്‍ പുരുഷ വിഭാഗം ടീമും ഒളിംപിക്‌സ് അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍. മൂന്നാം സ്ഥാനത്തെത്തിയാണ് പുരുഷ ടീമും നേരിട്ട് ക്വാര്‍ട്ടറുറപ്പിച്ചത്. അമ്പെയ്ത്ത് റാങ്കിങ് വിഭാഗത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റോയ് എന്നിവര്‍ വ്യക്തിഗത റൗണ്ടില്‍ തിളങ്ങി. 40 റാങ്കിലേക്ക് വീണ ധീരജ് തിരിച്ചു വരവു നടത്തിയത് നിര്‍ണായകമായി. താരം നാലാമതെത്തി. 681 പോയിന്റുകള്‍ ധീരജ് എയ്തിട്ടു. തരുണ്‍ദീപ് റോയ് 14ാം സ്ഥാനത്തും എത്തി. ടീമിലെ മൂന്നാമത്തെ താരമായ പ്രവീണ്‍ രമേഷ് ജാദവ് വ്യക്തിഗത പോരില്‍ 39ാം സ്ഥാനത്തെത്തി.
2013 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ പുരുഷ ടീം വിജയിച്ച് മൂന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയയാണ് ഒന്നാമതെത്തിയത്. ഫ്രാന്‍സ് രണ്ടാമതും ചൈന നാലാമതും ഫിനിഷ് ചെയ്തു.
