സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി : 47 കുടുംബങ്ങള്‍ക്ക് ആധാരം കൈമാറി

കോട്ടയം : സേവനത്തിന്റെ പാതയില്‍ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. 1980- കളുടെ അവസാനം സേവന രംഗത്തേക്ക് വന്ന പരിവാർ സംഘടനയാണ് സേവാ ഭാരതി.

1977 മുതല്‍ ഈ ആശയത്തിന്റെ സഹയാത്രികനായി ഞാനും പ്രവർത്തിച്ചിരുന്നു. സമൂഹത്തില്‍ ഏറ്റവും ഉദാത്തമായ പ്രവർത്തനം കാഴ്ചവച്ച പരിവാർ സംഘടനയാണ് സേവാഭാരതിയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് കെപിഎസ് മേനോൻ ഹാളിൽ ഭവനരഹിതരായ 47 കുടുംബങ്ങള്‍ക്ക് ഭൂമി ആധാരം ചെയ്ത് കൈമാറുന്ന സേവാഭാരതിയുടെ ഭൂദാനം- ശ്രേഷ്ഠദാനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

മനുഷ്യ ജീവിതത്തിന്റെ ചിന്താ ഗതിയെയും പ്രവർത്തന രീതിയെയും മാറ്റിയ മനുഷ്യ സ്‌നേഹത്തെ ഊട്ടിയുറപ്പിച്ച ഒരു മഹാമാരിയായിരുന്നു കോവിഡ്. മഹാമാരിയില്‍ നിന്ന് നാം പഠിച്ച പാഠങ്ങളും സന്ദേശങ്ങളും വലുതാണ്. കോവിഡ് കാലത്ത് കേരളം സഹജീവി സ്‌നേഹത്തിലൂടെ കേട്ട പേരാണ് സേവാഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധിയാളുകള്‍ക്കാണ് സേവാഭാരതിയിലൂടെ തലചായ്‌ക്കാൻ ഇടം ലഭിക്കുന്നത്. ഭൂദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച്‌ നിരവധിയാളുകള്‍ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ജോർജ് കുര്യൻ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങില്‍ 47 കുടുംബങ്ങള്‍ക്കാണ് ആധാരം കൈമാറിയത്. ഭൂമിദാനം ചെയ്തവരെയും ചടങ്ങില്‍ ആദരിച്ചു.

ചലച്ചിത്ര സംവിധായകൻ ജയരാജ്, മുതിർന്ന പ്രചാരകന്മാരായ എസ് സേതുമാധവൻ,  രാമനുണ്ണി, കോട്ടയം വിഭാഗ് സംഘചാലക് പി. പി പദ്മനാഭൻ, ദേശീയ സേവാഭാരതി സംസ്ഥാന രക്ഷാധികാരി ഡോ. പി ബാലചന്ദ്രൻ മന്നത്ത്, ഡോ. രഞ്ജിത്ത് വിജയഹരി ( പ്രസിഡന്റ് ദേശീയ സേവാഭാരതി കേരളം), ഡോ ശ്രീറാം ശങ്കർ, (ജനറല്‍ സെക്രട്ടറി ദേശീയ സേവാഭാരതി കേരളം), ഡോ. ഇ. പി കൃഷ്ണൻ നമ്ബൂതിരി (വൈസ് പ്രസിഡണ്ട് ദേശീയ സേവാഭാരതി കേരളം) ദേശീയ സേവാഭാരതിയുടെ സംസ്ഥാന ഭാരവാഹികള്‍, ജില്ലയിലെ പ്രധാന വ്യക്തിത്വങ്ങള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!