‘ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവ്’; മോദിയെ അഭിനന്ദിച്ച് ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ എക്‌സില്‍ ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. പത്തുകോടിയിലധികം പേരാണ് നരേന്ദ്ര മോദിയെ എക്‌സില്‍ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ കാര്യത്തില്‍ മറ്റ് ലോക നേതാക്കളെക്കാള്‍ വളരെ മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോകനേതാവിന് അഭിനന്ദനങ്ങള്‍’ മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍, മോദിയുടെ എക്സ് അക്കൗണ്ടില്‍ ഏകദേശം മൂന്ന് കോടിയിലധികം പേരാണ് പുതുതായി എത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ 3.8 കോടിയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ 1.2 കോടിയും ദശലക്ഷം പേരും ഫ്രാന്‍സിസ് മാര്‍പാപ്പയെ 18.5 ദശലക്ഷം പേരും പിന്തുടരുന്നു.

ഇന്ത്യയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 3.52 കോടിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 2.6 കോടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് 2.7 കോടിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് 19.9 ദശലക്ഷവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 7.4 ദശലക്ഷം പേരും പിന്തുടരുന്നു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് 6.3 ദശലക്ഷം പേരും മകന്‍ തേജസ്വി യാദവിന് 5.2 ദശലക്ഷം പേരും എന്‍സിപി നേതാവ് ശരദ് പവാറിന് 2.9 ദശലക്ഷം പേരുമാണ് പിന്തുടരുന്നത്.  ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന് 4 കോടിയും വിരാട് കോലിക്ക് 6.41 കോടിയുമാണ് ഫോളോവേഴ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!