പാലക്കാട് : പാലക്കാട് സിപിഐയിൽ നിന്നും വ്യാപകമായി കൊഴിഞ്ഞുപോക്ക് തുടരുന്നു. സിപിഐ വിട്ട ശേഷം പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിരിക്കുകയാണ് വിമതവിഭാഗം. സേവ് സിപിഐ എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിമാർ, 45 അംഗ കമ്മിറ്റി എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്താണ് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.
പാലക്കാട് സിപിഐ ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പാർട്ടിയിൽ നിന്നും വ്യാപകമായി കൊഴിഞ്ഞു പോകുന്നത്. പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന വിമതരുടെ യോഗത്തിൽ 500 ഓളം പ്രവർത്തകരാണ് പങ്കെടുത്തിരുന്നത്. പാലോട് മണികണ്ഠൻ സെക്രട്ടറി ആയും രാമകൃഷ്ണൻ, ആർ രാധാകൃഷ്ണൻ എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിമാരും ആയാണ് സേവ് സിപിഐ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.
സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെയാണ് വിമതവിഭാഗം ഒത്തുചേർന്ന് രംഗത്ത് എത്തിയിട്ടുള്ളത്. നേതൃത്വത്തിന് ഏകാധിപത്യ പ്രവണത ആണെന്നാണ് വിമതർ വ്യക്തമാക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നും വിമതവിഭാഗം അറിയിച്ചു.