ലഹരി മൂത്ത് നടുറോഡിൽ ബൈക്കിൽ അഭ്യാസം; സ്റ്റേഷൻ അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം

തൃശൂർ : കൊടുങ്ങല്ലൂരിൽ ലഹരി മൂത്ത് നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം. നിയമ ലംഘനത്തിന് പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്ത് പരാക്രമം കാണിച്ച യുവാവിനെ റിമാന്റ് ചെയ്തു. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ (20) ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാക്കളെ പൊലീസ് പട്രോൾ സംഘം തടയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഷെബിൻ ഷാ സ്റ്റേഷനിൽ അതിക്രമം നടത്തുകയായിരുന്നു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ കെ സാലിം, കശ്യപൻ, ജോഷി, ഡ്രൈവർ സിപിഒ അഖിൽ, ഹോം ഗാർഡ് ജോൺസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെബിൻ ഷായ്ക് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2023 ലും 2025 ലും മയക്കുമരുന്ന് ഉപയോഗിച്ചതിന് , രണ്ട് കേസുകളുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. ഓടിപ്പോയ പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!